ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ചരിത്രം
സ്ഥലനാമ ചരിത്രം
സീതാപഹരണ സമയത്ത് രാവണനെ പിന്തുടര്‍ന്ന ജഡായുവിന്റെ  ചിറകിന്‍കീഴിലായിരുന്നു ഈ പ്രദേശമെന്നതാണ് ഒരു ഐതിഹ്യം. അതല്ലാ, ചിറകളാല്‍ ചുറ്റപ്പെട്ട സ്ഥലമാണ് ചിറയിന്‍കീഴ് എന്നും വിശ്വാസമുണ്ട്. ആധുനിക തിരുവിതാംകൂറിന്റെ ഉല്‍പത്തിയ്ക്കും അപ്പുറത്താണ് ഈ കാര്‍ഷിക ഗ്രാമത്തിന്റെ ചരിത്രം. എ.ഡി 9-ം നൂറ്റാണ്ടു മുതല്‍ മഹോദയപുരം അഥവാ തിരുവഞ്ചിക്കുളം ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന ചേരമാന്‍ പെരുമാള്‍ നായനാര്‍ വാമനപുരം നദിക്ക് സമീപം തങ്ങിയിരുന്നതായി വിശ്വസിക്കപ്പെടുന്നു. ചെക്കിഴാരുടെ പെരിയപുരാണത്തില്‍ ചക്രവര്‍ത്തിയായി സ്ഥാനാരോഹണം ചെയ്തശേഷം അദ്ദേഹം തന്റെ സുഹൃത്തും സഹചാരിയുമായിരുന്ന സുന്ദരന്‍മൂര്‍ത്തി നായനാരെ കാണാന്‍ തിരുവാരൂര്‍ വരെ പോകുകയുണ്ടായെന്നും വര്‍ഷങ്ങള്‍ക്കു ശേഷമാണ് മടങ്ങിയെത്തിയതെന്നും രേഖപ്പെടുത്തിയിരിക്കുന്നു. ഇദ്ദേഹം നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്ന കൊട്ടാരവും കോടതിയും തികഞ്ഞ ശിവഭക്തനായിരുന്ന പെരുമാള്‍ തന്ന നിര്‍മ്മിച്ച കേളേശ്വരം ശിവക്ഷേത്രവും രാജകീയപ്രൌഢിയുള്ള അനുബന്ധകെട്ടിടങ്ങളും ഒരു കാലഘട്ടത്തിന്റെ ചരിത്ര ശേഷിപ്പുകളാണ്. ഈ ചരിത്രാവശിഷ്ടങ്ങള്‍ക്ക് വളരെ അകലെയല്ലാതെ കാണുന്ന പ്രകൃതിരമണീയമായ സമുദ്രതീരം പെരുമാതുറയെന്നാണ് അറിയപ്പെടുന്നത്. പെരുമാള്‍തുറ ലോപിച്ചാണ് സ്ഥലത്തിന്  ഈ പേര്  സിദ്ധിച്ചതെന്ന വിശ്വാസം ചേരമാന്‍ പെരുമാളിനെ സംബന്ധിക്കുന്ന ഐതിഹ്യത്തിനു ബലം നല്‍കുന്നു.