ഒറ്റനോട്ടത്തില്
ചിറയിൻകീഴ് കയറിന്റേയും കായലിന്റേയും മത്സ്യ സമ്പത്തിന്റേയും , തോടുകളും, ചെറുപുഴകളും, കനാലുകളും അറബികടലിന്റെ മനോഹാരിതയും തൊട്ടു തലോടി പാടശേഖരങ്ങളുടേയും പച്ചപ്പ് നിറഞ്ഞ സഹ്യന്റെ പടിഞ്ഞാറുവശത്ത് സ്ഥിതിചെയ്യുന്ന ഈ കൊച്ചു ഗ്രാമം. ഈ ഗ്രാമത്തിന്റെ യശസ്സ് ഉയർത്തിക്കൊണ്ട് ഗ്രാമ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന പുണ്യപുരാതന ക്ഷേത്രമായ ശാർക്കരദേവീക്ഷേത്രവും അകലെ മാറി പണ്ടകശാലയിൽ സ്ഥിതിചെയ്യുന്ന മുസ്ലീം പള്ളിയും തീരദേശത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന സെന്റ്ജെയിംസ് ദേവാലയവും ഈ ഗ്രാമത്തിന്റെ മതേതര ഭംഗി ഉയർത്തിക്കാട്ടുന്നു. ജലമാർഗ്ഗത്തിലൂടെ വ്യാപരങ്ങൾ നടത്തിയിരുന്ന പണ്ടകശാലയും ആശയവിനിമയങ്ങൾ കൈകാര്യം ചെയ്യുന്നതിനായി അഞ്ചലാഫീസും വഞ്ചിക്കാർക്ക് വഴികാട്ടുന്ന വിളക്കുമരങ്ങളും , ജനങ്ങൾക്ക് നീതി നടപ്പിലാക്കുവാൻ ഭഗവതികൊട്ടാരം എന്ന പേരിൽ അറിയപ്പെട്ടിരുന്ന പോലീസ് സ്റ്റേഷനും, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം ഉയർത്തിപ്പിടിച്ചുകൊണ്ട് നൂറ്റാണ്ടുകളുടെ പഴക്കമുള്ള ശാർക്കര ഗവണ്മെന്റ് യു പി സ്കൂളും, ഒരു ജനതയുടെ ആരോഗ്യസംരക്ഷിക്കുന്നതിനുവേണ്ടി നിലകൊള്ളുന്ന ചിറയിൻകീഴ് താലൂക്ക് ഹോസ്പിറ്റലും ഈ മനോഹരതീരത്ത് ഉദയംകൊണ്ട് പ്രശസ്തിയുടെ കൊടുമുടി കീഴടക്കിയ കലാകാരൻമാരായ ശ്രീ. പ്രേംനസീർ, ഭരത്ഗോപി, ജി. ശങ്കരപിള്ള, ജി കെ പിള്ള ശോഭനപരമേശ്വരൻ, ആർട്ടിസ്റ്റ് ചിറയിൻകീഴ് ശ്രീകണ്ഠൻനായർ തുടങ്ങി ഒട്ടനേകം കലാ കായിക സാംസ്കാരിക നായകൻമാർക്ക് ജന്മംനൽകിയനാടാണ് ചിറയിൻകീഴ്. പൊതുജനങ്ങളുടെ യാത്രാസൌകര്യത്തിനായി ചിറയിൻകീഴ് റെയിൽവേസ്റ്റേഷനും തൊട്ടുടത്തുതന്നെ നിലകൊള്ളുന്ന ബസ് സ്റ്റാൻറും എടുത്തുകാട്ടുന്ന ഒന്നാണ്. ഈ ചരിത്ര ഭൂമിയെ വിസ്മയമാക്കുന്ന ചിറയിൽ പാടശേഖരവും, പഴഞ്ചിറകുളവും , വാമനപുരം നദിയും കഠിനംകുളം കായലും അഞ്ചുതെങ്ങ് കായലും ടി എസ് കനാലും ഒപ്പം ടൂറിസം മേഖലയുടെ അനന്ത സാധ്യതകളിലേക്ക് വഴി തുറക്കുന്ന കായലും കടലും സംഗമിക്കുന്ന മുതലപ്പൊഴിയും ഈ ഗ്രാമത്തിന്റെ മനോഹാരിത ഉയർത്തിക്കാട്ടുന്നു.